കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷമെന്ന പെരും നുണയെന്നും വിഡി സതീശൻ ചോദിച്ചു. വൈദ്യുതി ബില്ലിനെ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത്. സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീര്‍ഘകാല വൈദ്യുതി പര്‍ച്ചേസ് കരാര്‍ റദ്ദാക്കല്‍. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെഎസ്ഇബിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും പങ്കുണ്ട്. കരാര്‍ അട്ടിമറിച്ചതില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സര്‍ക്കാര്‍ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷനെന്നും വിഡി സതീശൻ ആരോപിച്ചു.

Post a Comment