നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61ആം നമ്പർ ബൂത്തിലാണ് ശിവൻകുട്ടി വോട്ട് ചെയ്തത്. ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തിരഞ്ഞെടുപ്പെന്നും നല്ല ആത്മവിശ്വാസത്തിലാണ് എന്നും ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതിൽ ഒരു തർക്കത്തിനും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തിരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കുകയാണ്. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപി കിറ്റ് കൊടുക്കുന്നു മദ്യം കൊടുക്കുന്നു പണം കൊടുക്കുന്നു ജോലി വാഗ്ദാനം ചെയ്യുന്നു, ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിൽ ഇത്രയും നാണംകെട്ട, ജനാധിപത്യത്തിന് അപമാനമാകുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസും ഒട്ടും മോശമല്ല. തെലങ്കാന മുഖ്യമന്ത്രി വന്ന് പറഞ്ഞ കാര്യങ്ങൾ അറിയാമല്ലോ? ഇത്രയും സംസ്കാര ശൂന്യമായ പ്രസ്താവന നടത്താൻ പാടുണ്ടോ? കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തും എന്നും ശിവൻകുട്ടി പ്രതികരിച്ചു.

Post a Comment