ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച 22കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ മാച്ചർല സ്വദേശിനിയായ ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 4നാണ് ചൗഡേശ്വരി നാഗരാജുവിനെ വിവാഹം കഴിച്ചത്. ഇതിൽ പ്രകോപിതരായ കുടുംബം യുവതിയെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് ദമ്പതികളെ കണ്ടെത്തിയ മാച്ചർല സിഐ വെങ്കിട്ട രമണ, പ്രായപൂർത്തിയായ യുവതിയുടെ താല്പര്യം മാനിക്കാതെ ഭീഷണിപ്പെടുത്തി മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 18ന് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൗഡേശ്വരി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
യുവതി ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകം മറച്ചുവെക്കാനും യുവതി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാനും മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. യുവതിയുടെ വീട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥൻ വൻതുക കൈക്കൂലി വാങ്ങിയതായും സൂചനയുണ്ട്.തുടർന്ന് സിഐയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിച്ചതിനും സിഐക്കെതിരെ നടപടിയുണ്ടാകും.

Post a Comment