തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് വാഴ 2. എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല. ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാർ വിമർശിക്കുന്നത്. ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയിൽ ചിത്രത്തിൽ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമർശിച്ച് ആയുർവേദ ഡോക്ടർമാർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ നിയമപരമായി തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. വാഴ 2വിന്റെ അണിയറ പ്രവർത്തകർ ഇതിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗംഭീര വരവേൽപ്പാണ് വാഴ 2വിന് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്.

Post a Comment