അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം നൽകിയത്. സിവി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ പ്രചരിപ്പിച്ചതിൽ സിപിഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. സിപിഐ ഉപരോധത്തെതുടർന്നാണ് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചത്. ആർഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞിരുന്നു. ഇല്ലാത്ത കേസിൽ കുടക്കാൻ ശ്രമമെന്നാണ് ശാന്തകുമാര്‍ പറയുന്നത്. വ്യാജ ആരോപണം ഉന്നയിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് സിവി ശാന്തകുമാർ വൈകാരികമായി പ്രതികരിച്ചു. എന്നാൽ, ലഘുലേഖയിൽ പങ്കില്ലെന്നും പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നും എൽഡിഎഫ് ആരോപിച്ചു. വികസനം ചർച്ചയാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും എൽഡിഎഫ് വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും നാടകം കളിക്കുകയാണെന്ന് ബിജെപി സ്ഥാനാർഥി പന്തളം പ്രതാപൻ ആരോപിച്ചു.

Post a Comment