കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഐഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്‌ഐആറുമില്ല, ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വ്യക്തിഹത്യ ചെയ്യാൻ, ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് ഞാൻ. എന്റെ ജീവന് പോലും ഭീഷണിയുണ്ട്. താൻ ഒരു കേസിലും പ്രതിയല്ല. ഇവിടെ നീതിന്യായ വ്യവസ്ഥ ഇല്ലേ. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു എനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും ഞാന്‍ പ്രതിയല്ലെന്നും ഒരു കോടതിയും തന്നെ ശിക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസ് വിതരണം ചെയ്തവരെ വിട്ടയച്ചതിൽ അടൂർ ആർഡിഒ ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് വൈകാരികമായി സ്ഥാനാർത്ഥി മാധ്യമങ്ങളോട് സംസാരിച്ചത്. നോട്ടീസിൽ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment