തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പാടശേഖരത്തില്‍ നിന്ന് തല കണ്ടെത്തി. മുക്കാല്‍ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തില്‍ നിന്നാണ് പുരുഷൻറെ തല കണ്ടെത്തിയത്.
കസാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല കണ്ടെത്തിയത്.
മൃതദേഹവശിഷ്ടം തൃശ്ശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.ശരീര ഭാഗങ്ങള്‍ വെച്ച് നോക്കി ഡിഎൻഎ പരിശോധനകള്‍ നടത്തും. ലഭിച്ച മൃതദേഹങ്ങളില്‍ നിന്നുള്ളതില്‍ ആരുടേങ്കിലും ആണോ എന്നതാണ് നിലവില്‍ പരിശോധന നടത്തുന്നത്.
അതേസമയം മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം ധന സഹായം സുരേഷ് ഗോപി പ്രഖ്യാപിച്ചു. മകള്‍ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റിൻ്റെ പേരിലാണ് സഹായം നല്‍കുന്നത്. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ജീവിതങ്ങള്‍ക്ക് ചെറിയ ആശ്വാസമേകാൻ ഉള്ള കരുതല്‍ ആണിതെന്ന് അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട ഓരോ വ്യക്തികളുടെയും കുടുംബത്തിനാണ് ഒരു ലക്ഷം രൂപ വീതം നല്‍കുക. നേരത്തെ സർക്കാരും വിവിധ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും സഹായം പ്രഖ്യാപിച്ചത്.
'മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിൻ്റെ മണ്ണില്‍, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു.
കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്. തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളില്‍ ആ കുടുംബങ്ങള്‍ക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകള്‍ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തില്‍ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.
നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.' സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

إرسال تعليق