ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയബാദിൽ നടക്കും; മരണം സ്ഥിരീകരിച്ചത് ഇന്നലെ


 ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയബാദിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും വേദനകൾക്കും വിരാമമിട്ട് വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ യാത്രയായി. ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചതായി സ്ഥിരീകരിച്ചത്. ദയാമരണം നിയമവിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിയാണ് ഹരീഷ് റാണ. ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32 വയസുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമായിരുന്നു സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. 


അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച് 11ന് കോടതിയുടെ ചരിത്രപരമായ ഉത്തരവ്. 2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയായിരുന്നിത് എന്നതും ശ്രദ്ധേയം. ഛണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013 ഓഗസ്റ്റ് 20ന് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരതരമായി പരിക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി ഒപ്പം ശരീരത്തിന് 100 ശതമാനം വൈകല്യവും സംഭവിച്ചു. പിന്നീട് കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുകയായിരുന്നു.

Post a Comment

Previous Post Next Post