സംഘർഷത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ; അമേരിക്ക ആക്രമണം അവസാനിപ്പിക്കാതെ വെടിനിർത്തൽ ചർച്ചയ്ക്ക് തയ്യാറല്ല

 


പശ്ചിമേഷ്യയിൽ സംഘർഷം കനക്കുകയാണ്. സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണൾഡ് ട്രംപ് തന്നെ രംഗത്തെത്തി. അമേരിക്ക ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കിയിരിക്കുയാണ്. ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നു നൽകിയിട്ടുണ്ടെന്നും എന്നാൽ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ സൃഷ്ടിച്ച സുരക്ഷാ ഭീതി കാരണമാണെന്നും അരാഗ്‌ചി ആരോപിച്ചു. 


എന്നാൽ പല കപ്പലുകളും സുരക്ഷാ കാരണങ്ങളാൽ സ്വയം മാറിനിൽക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം ഇസ്രയേലുമായി സമാധാന ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ലെബനോൺ രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാന ചർച്ച നടന്നേക്കും. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നാണ് ഇസ്രയേലിന്റെ നിബന്ധന. യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ടെന്നും 2,745 പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Post a Comment

Previous Post Next Post