അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഴുവൻ പ്രതികളും പോലീസ് പിടിയിൽ


 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ വച്ച് ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴവൻ പ്രതികളും പിടിയിലായി. ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. കോട്ടയത്തു നിന്ന് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് പിടിയിലായത്. ആക്രമണത്തിനായി പ്രതികൾ എത്തിയ കാറും പിടികൂടിയിട്ടുണ്ട്. 


ഇന്നലെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഗുണ്ടാ ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിലെ മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തിയാകും ചോദ്യം ചെയ്യൽ നടക്കുക.


ഇന്നലെ പട്ടാപ്പകലാണ് ഗുണ്ടാ നേതാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെയാണ്കാറിൽ പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.

Post a Comment

Previous Post Next Post