കൊച്ചി: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയില്‍ മറുപടി നല്‍കാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പുതിയ 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വർഷാവസാനമായതിനാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ച കോടതി, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഏപ്രില്‍ 10 വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു. അതേസമയം, കേന്ദ്രസർക്കാർ മനഃപൂർവ്വം സമയം നീട്ടി ചോദിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറുപടി നല്‍കാതിരിക്കാനാണ് ഈ നീക്കമെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഉണ്ടാകാത്തത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ വിശദീകരണം നിർണ്ണായകമാകും.

Post a Comment