ന്യൂഡല്‍ഹി: രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പാൻ മസാലയ്ക്കും ഫെബ്രുവരി ഒന്നുമുതല്‍ വില വർദ്ധിക്കും. നിലവിലുള്ള ജിഎസ്ടി കോംപൻസേഷൻ സെസിന് പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും പ്രത്യേക സെസും ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
നിലവില്‍ ഈടാക്കുന്ന കോംപൻസേഷൻ സെസ് ഫെബ്രുവരി ഒന്നോടെ നിർത്തലാക്കും. പകരം പാൻ മസാലയ്ക്ക് ഹെല്‍ത്ത് ആൻഡ് നാഷണല്‍ സെക്യൂരിറ്റി സെസ് ഏർപ്പെടുത്തും. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് ഡ്യൂട്ടിയും നല്‍കേണ്ടി വരും.
പാൻ മസാല, സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 40ശതമാനം ജിഎസ്ടിയും ബീഡികള്‍ക്ക് 18ശതമാനം ജിഎസ്ടി നിരക്കായിരിക്കും ഈടാക്കുക. ച്യൂയിംഗം ടുബാക്കോ, ജർദ, ഗുട്ഖ എന്നിവ നിർമ്മിക്കുന്ന യന്ത്രങ്ങളുടെ ശേഷി നിർണയിക്കുന്നതിനും ഡ്യൂട്ടി ഈടാക്കുന്നതിനുമായി പുതിയ ചട്ടങ്ങളും ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു.
പാൻ മസാലയ്ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ സെസും എക്‌സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്താൻ അനുവദിക്കുന്ന രണ്ട് ബില്ലുകള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ പാർലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫെബ്രുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുന്നത്. 'സിൻ ഗുഡ്സ്' വിഭാഗത്തില്‍പ്പെടുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരം.

Post a Comment