സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന് വീടൊരുക്കി; വീട് നാളെ കൈമാറും

 


തൃശൂരിൽ കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐഎം നിര്‍മിച്ച് നല്‍കിയ വീട് നാളെ കൈമാറും. നാളെ വൈകുന്നേരം മൂന്നു മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വീടിന്റെ താക്കോല്‍ കൈമാറും. തുടര്‍ന്ന് പുള്ള് സെന്ററില്‍ ചേരുന്ന പൊതുസമ്മേളനം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ഖാദര്‍ അധ്യക്ഷനാകും. 2025 സെപ്തംബര്‍ 13നായിരുന്നു സംഭവം നടന്നത്. വീട് അറ്റകുറ്റപ്പണിക്ക് സഹായമഭ്യര്‍ത്ഥിച്ചായിരുന്നു വേലായുധൻ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെത്തിയത്. എന്നാല്‍ ഇതൊന്നും തന്റെ പണിയല്ല എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ സുരേഷ്‌ഗോപി കൊച്ചുവേലായുധനെ മടക്കി അയക്കുകയായിരുന്നു.


വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ഖാദര്‍ പുതിയ വീട് നിർമിച്ച് നല്‍കുമെന്ന് അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാരുടെയും ചേര്‍പ്പ് ഏരിയയിലെ പാര്‍ട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിര്‍മിച്ചത്. പത്ത് ലക്ഷം രൂപ ചെലവഴിച്ച് 75 ദിവസം കൊണ്ടാണ് സിപിഐഎം വീടൊരുക്കിയത്.

Post a Comment

Previous Post Next Post