വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച നിരക്ക് കുറച്ച് കേരള സർക്കാർ ഉത്തരവിറക്കി. 50 ശതമാനം കുറയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാറിൻ്റെ അധികാരമുപയോഗിച്ച് കുറച്ചത്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മോട്ടോർ സൈക്കിൾ, 3 വീലർ, ലൈറ്റ് വാഹനങ്ങൾ എന്നിവയെ 3 കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 15 വർഷം വരെ, 15 മുതൽ 20 വരെ, 20 വർഷത്തിനു മുകളിൽ എന്നിങ്ങനെ മീഡിയം, ഹെവി വാഹനങ്ങളെ 5 കാറ്റഗറിയായി തിരിച്ചിട്ടാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 10 വർഷം വരെ, 10 മുതല്‍ 13 വർഷം വരെ, 13 മുതൽ 15 വര്‍ഷം വരെ, 15 മുതല്‍ 20 വരെ, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാകും കണക്കാക്കുക. മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്സ്, പാസഞ്ചര്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് പുതുക്കുന്നതിന് അവയുടെ പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ട നിരക്കായിരിക്കും ഈടാക്കുകെയന്നും മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.

إرسال تعليق