തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിലാണ് തീ പടർന്നു പിടിച്ചത്. 600 ലധികം ബൈക്കുകൾ കത്തിനശിച്ചുവെന്നാണ് വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.
അപകടത്തിൽ ആളപായമുണ്ടായിട്ടില്ല. പാർക്കിങ് കേന്ദ്രത്തിലെ ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ തീ പടരുന്നത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു. പാർക്കിങ് ഏരിയയിൽ 600 ഓളം ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. അവയെല്ലാം കത്തിനശിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാലാണ് ഇത്രയും കുറച്ചു വാഹനങ്ങൾ ഉണ്ടായിരുന്നത്. മറ്റു ദിവസങ്ങളിൽ ആയിരത്തിന് മുകളിൽ വാഹനങ്ങൾ ഉണ്ടാകാറുള്ളതാണെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്.

Post a Comment