മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. മരണസംഖ്യ 13 ആയി ഉയര്‍ന്നു. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 1300ഓളം പേരെയാണ് രോഗം ബാധിച്ചത്. സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമെന്ന് വിലയിരുത്തിയ യാദവ് സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഇരയായവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കി.
ഇന്‍ഡോറിലെ ഭഗീരഥപുരയില്‍ 25ാം തീയതി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് അസാധാരണമായ രുചി മാറ്റവും മണവുമുണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിന് കയ്പ്പ് രുചിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍സിപ്പല്‍ പൈപ്പില്‍ നിന്ന് വരുന്ന നര്‍മദ നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചപ്പോള്‍ മുതല്‍ രോഗം ബാധിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളം കുടിച്ചവര്‍ക്ക് ഛര്‍ദി, ഡയറിയ, നിര്‍ജലീകരണം എന്നീ രോഗങ്ങള്‍ പിടിപ്പെട്ടു. ശുദ്ധീകരണത്തിനായുള്ള കെമിക്കല്‍ അമിതമായി ഉപയോഗിച്ചതോ, മറ്റെന്തെങ്കിലും മാലിന്യങ്ങള്‍ കലര്‍ന്നതോ ആകാമെന്നാണ് സംശയം.

Post a Comment