തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു.
ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി പകുതിയോടെ ഒ പി ബഹിഷ്കരണത്തിലേക്കും ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്കും വ്യാപിക്കും. കെജിഎംസിറ്റിഎയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ കാര്യത്തില്‍ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
വർഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതർ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചർച്ചകളെ തുടർന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഡോക്ടർമാരുടെ ആവശ്യങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
എൻട്രി കേഡറിലെ ഡോക്ടർമാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവൻസിന് മുൻകാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്കരണത്തിലേക്ക് ഇതിന് തുടർച്ചയില്ലാത്തതും ഡോക്ടർമാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളില്‍ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങള്‍ക്ക് അർഹതപ്പെട്ട കുടിശ്ശിക പോലും നല്‍കാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. 2021-ല്‍ നാല് ഗഡുക്കളായി കുടിശ്ശിക നല്‍കുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന സർക്കാർ അത് നീട്ടിവെക്കുകയായിരുന്നു. 2025-ല്‍ മറ്റ് ജീവനക്കാർക്ക് ആദ്യ രണ്ട് ഗഡുക്കള്‍ പി.എഫ് അക്കൗണ്ടിലേക്ക് നല്‍കിയപ്പോഴും ഡോക്ടർമാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന കുറ്റപ്പെടുത്തി.
സമരത്തിന്റെ ആദ്യ ഘട്ടമായി ജനുവരി 22 വ്യാഴാഴ്ച മുതല്‍ അധ്യാപനം അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കും. അന്ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിന് മുന്നിലും പ്രതിഷേധ ധർണ്ണ നടത്തും. ജനുവരി 27 ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെ ധർണ്ണ നടത്താനാണ് തീരുമാനം. അന്ന് സൂചനയെന്ന നിലയില്‍ ഒ.പി ബഹിഷ്കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ഒഴിവാക്കലും ഉണ്ടാകും. ഇതിനൊപ്പം റിലേ സത്യാഗ്രഹവും ആരംഭിക്കും.
ഫെബ്രുവരി രണ്ട് മുതല്‍ ഒ.പി സേവനങ്ങളും ഫെബ്രുവരി ഒൻപത് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കും. ഫെബ്രുവരി 11 മുതല്‍ സർവകലാശാല പരീക്ഷാ ജോലികള്‍ ഉള്‍പ്പെടെ ബഹിഷ്കരിക്കാനും കെജിഎംസിറ്റിഎ തീരുമാനിച്ചു. അതേസമയം, രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

إرسال تعليق