‘അവകാശ വാദങ്ങൾ പൊള്ള’, കേരളാ കോൺഗ്രസ് (എം) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഫ്രാൻസിസ് ജോർജ് എം.പി

 


കോട്ടയം:  ഭിന്നശേഷി നിയമന സംവരണം,വന്യജീവി ആക്രമണം, ശബരിമല സ്വർണ്ണക്കൊള്ള, റബ്ബർ വിലയിടിവ്. ഇടുക്കിയിലെ പട്ടയം ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾ, ജെ. ബി കോശി റിപ്പോർട്ട് എന്നിങ്ങനെ ഇടതുമുന്നണിയിൽ ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം സംസ്ഥാന സർക്കാരിനെക്കൊണ്ട് പരിഹാരം കാണാൻ സാധിച്ചു എന്ന കേരളാ കോൺഗ്രസ് (എം)ൻ്റെ അവകാശ വാദം പൊള്ളയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

ഭിന്നശേഷി നിയമന സംവരണ വിഷയത്തിൽ എൻ.എസ്.എസ് മാനേജ്മെൻ്റിന് ലഭിച്ച സുപ്രീം കോടതി ഉത്തരവിൽ സമാന സ്വഭാവമുള്ള ഇത്തരം വിഷയത്തിൽ ഈ വിധി ബാധകമാണന്ന് പറഞ്ഞിട്ടും അതനുസരിച്ച് ഇതര മാനേജ്മെൻ്റുകളിലെ അദ്ധ്യാപകർക്ക് നിയമനം നൽകാൻ തയ്യാറാകാതെ വീണ്ടും സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ സമീപിക്കുന്നതിനെ കേരളാ കോൺഗ്രസ് (എം) ന്യായീകരിക്കുന്നത് രാഷ്ട്രീയ ഗതികേടാണ്.

വന്യജീവി ആക്രമണങ്ങളിൽ കർഷകരെയും കാർഷിക മേഖലയേയും സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നിയമം നിർമ്മിച്ചു എന്ന് അവകാശപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.

നിയമസഭ പാസാക്കിയ നിയമത്തിന് കേന്ദ്ര അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. വന്യജീവി ആക്രമണം തടയുവാൻ നിലവിലുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി എടുക്കാൻ തയ്യാറാകാതെ നിയമം നിർമ്മിച്ചു എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയ സി.പി.ഐഎം ൻ്റെ നേതാക്കൾ ഉൾപ്പെടെ ഉള്ളവരെ സംരക്ഷിക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്ന ഇടതുസഹയാത്രികരായ കേരളാ കോൺഗ്രസ് (എം) ഇത് സംബന്ധിച്ച് യാതൊരു നിലപാടും പറയാത്തത് വിശ്വാസികൾക്ക് ഏറെ വേദന ഉണ്ടാക്കുന്നതാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.


എൽ.ഡി.എഫ് പ്രകടന പത്രികയിൽ 10 വർഷം മുമ്പ് റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല. 200 രൂപ ആക്കിയെന്ന് പറയുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാനത്ത് ഇത് ഒരു കർഷകനു പോലും ഇതുവരെ ലഭിച്ചിട്ടില്ലന്ന യാഥാർഥ്യം ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ജസ്റ്റിസ് ബഞ്ചമിൻ കോശി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ക്രൈസ്തവ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് പുറത്ത് വിടാത്തത് പ്രതിക്ഷേധാർഹമാണ്.


ഇടുക്കിയിലെ പട്ടയ വിതരണവും ഭൂപ്രശ്നങ്ങൾക്കും കഴിഞ്ഞ 10 വർഷമായിട്ടും പരിഹാരം കാണാൻ കഴിയാത്ത സർക്കാരിനെ ന്യായികരിക്കുന്ന കേരളാ കോൺഗ്രസ് (എം)ൻ്റെ നിലപാടിലൂടെ സ്വന്തം അടിമത്തമാണ് വ്യക്തമാക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Post a Comment

أحدث أقدم