രാഹുലിന് ഇന്ന് നിര്‍ണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും; പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ആദ്യം രജിസ്റ്റർ ചെയ്ത കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹർജിയാണ് ഇതിലൊന്ന്. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.

ഈ കേസില്‍ വിശദമായ വാദം ഇന്ന് നടക്കും. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നല്‍കിയിരുന്നു.

ഇതിനെതിരെ സർക്കാ‍ർ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.

അതേസമയം പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കുക.

ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പല്‍ സെഷൻസ് കോടതി നിർദ്ദേശം. എന്നാല്‍ സെഷൻസ് ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ മാറ്റിവച്ചത്.

ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ രാഹുല്‍ പിറ്റേന്നാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.

Post a Comment

Previous Post Next Post