രാഹുല്‍ ഈശ്വറിന് തിരിച്ചടി, ‌ജാമ്യാപേക്ഷ കോടതി തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെ ‌രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്.

ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് പരിശോധിക്കണമെന്ന പോലീസ് ആവശ്യത്തെ തുടർന്നാണ് കസ്റ്റഡി അനുവദിച്ചത്. അതിനിടെ, പൂജപ്പുര ജയിലില്‍ നിരാഹാരം തുടരുകയായിരുന്ന രാഹുലിനെ ക്ഷീണമുള്ളതിനാല്‍‌ ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നത്.

അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബർ പോലീസ് ആണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശനിയാഴ്ച സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.


Post a Comment

أحدث أقدم