ഇടുക്കി: നവംബർ 12 മുതല്‍ നിർത്തിവെച്ചിരുന്ന ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായി. നാളെ വൈകിട്ടോടെ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ ട്രയല്‍ റണ്ണുകള്‍ പുരോഗമിക്കുകയാണ്.
പെൻസ്റ്റോക്ക് പൈപ്പില്‍ വെള്ളം നിറയ്ക്കല്‍ പ്രക്രിയ പൂർത്തിയായതിനെ തുടർന്ന് ബട്ടർഫ്ലൈ വാല്‍വ് ഉടൻ തുറക്കും. ജനറേറ്ററുകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പവർ ഹൗസില്‍ നിന്നുള്ള കനാലിലൂടെ ഏത് സമയത്തും വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങും.
ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനു പിന്നാലെ മലങ്കര ഡാമിന്റെ ഷട്ടറുകളും തുറക്കും. കമ്മീഷനിംഗിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ് മൂലമറ്റം ജലവൈദ്യുതി നിലയത്തില്‍ നടന്നത്.
രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന ഇൻലെറ്റ് വാല്‍വിന്റെ സീലുകള്‍ മാറ്റേണ്ടിയിരുന്നു. ബട്ടർ ഫ്ലൈ വാല്‍വിലെ ചോർച്ചയും പരിഹരിച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ കാലിയാക്കിയ ശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.

إرسال تعليق