വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖൻ്റെ കടിയേറ്റു: ഒരു വയസ്സുകാരന് ദാരുണാന്ത്യം



മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഒരു വയസ്സും മൂന്നു മാസവും പ്രായമുള്ള കുട്ടി മരിച്ചു.

മഞ്ചേരി പൂക്കൊളത്തൂർ കാരാപ്പറമ്ബ് റോഡ് കല്ലേങ്ങല്‍ നഗറിലെ ശ്രീജേഷ്-ശ്വേത ദമ്പതിമാരുടെ മകൻ അർജുൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

അച്ഛൻ ശ്രീജേഷ് കുളിക്കാനായി പോയപ്പോള്‍ കൂടെ മുറ്റത്തേക്ക് പോയതായിരുന്നു അർജുൻ. കുളികഴിഞ്ഞ് ശ്രീജേഷ് തിരികെ വന്നപ്പോള്‍ കുട്ടി മുറ്റത്ത് ഉച്ചത്തില്‍ കരയുന്നതാണ് കണ്ടത്. കാലില്‍നിന്ന് ചോര ഇറ്റു വീഴുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പു കടിച്ചതാണെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.

ഉടൻതന്നെ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജൻ ലഭ്യമല്ലാത്തതിനെത്തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് കുട്ടിയെ പാമ്ബ് കടിച്ചതാണെന്ന് തിരിച്ചറിയുന്നത്. അപ്പോഴേക്കും കുട്ടിക്ക് ബോധം നഷ്ടമായിരുന്നു. വൈകീട്ട് അഞ്ചരയോടെ അർജുൻ മരിച്ചു.

സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലില്‍ വീട്ടു മുറ്റത്തെ സ്ലാബിനടിയില്‍നിന്ന് മൂർഖൻ പാമ്ബിനെ കണ്ടെത്തി. അർജുൻ്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അനുശ്രീ, അമൃത എന്നിവരാണ് സഹോദരങ്ങള്‍.

Post a Comment

أحدث أقدم