കോട്ടയം: പോസ്റ്ററുകളും ഫ്ലക്സും ബോര്‍ഡും ഇല്ലാതെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ഥി. കോട്ടയം നഗരസഭയിലെ 35 വാര്‍ഡിലെ മറിയപ്പള്ളിയില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ശങ്കരന്റെതാണ് വേറിട്ട പ്രചാരണ രീതി.
ഇത്തരം പ്രചാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജനം തന്നെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷയാണ് ബിജെപി സ്ഥാനാര്‍ഥി പറയുന്നത്.
ഫ്ലക്സ്, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവയ്ക്കായി ചെലവിടുന്ന പണം ഇവിടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്ന് സ്ഥാനാര്‍ഥി ശങ്കരന്‍ പറഞ്ഞു . തെരഞ്ഞെടുപ്പ് പ്രചാരണരീതികള്‍ കൂടുതല്‍ സൗഹാര്‍ദപരവും പരിസ്ഥിതിക്ക് അനുയോജ്യമാകണമെന്ന ലക്ഷ്യവും സ്ഥാനാര്‍ഥിയുടെ വേറിട്ട പ്രചാരണ ലക്ഷ്യമാണ്.
ഇത് 4-ാം തവണയാണ് ശങ്കരന്‍ മത്സരിക്കുന്നത്. മുന്‍പ് മത്സരിച്ച മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കോട്ടയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി ശങ്കരന്‍ വിവേകാനന്ദ യോഗ വിദ്യാപീഠം ആചാര്യന്‍ കൂടിയാണ്. കഴിഞ്ഞ തവണ മത്സരിച്ച പത്താം വാര്‍ഡ് വനിതാ സംവരണമായപ്പോഴാണ് പത്ത് വര്‍ഷം മുന്‍പ് ജയിച്ച സ്ഥലത്തേക്ക് മാറിയത്.
'ഇപ്രാവശ്യം വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രചാരണമാണ് നടത്തുന്നത്. ഫ്‌ലക്സ്, ബാനര്‍, പോസ്റ്റര്‍, ബോര്‍ഡ് ഇവയെല്ലാം ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി മത്സരിക്കുക എന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തീരുമാനത്തിന് എല്ലാ സഹപ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ട്. ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് വീടുകള്‍ തോറും കയറി വോട്ട് അഭ്യര്‍ഥിക്കുന്നത്. ചെറിയൊരു ഫ്‌ലെക്‌സ് ബോര്‍ഡിന് ആയിരം രൂപയാകും.
കളര്‍ പോസ്റ്ററിന് കുറഞ്ഞത് അമ്ബത് രൂപ. ചെറിയൊരുവാര്‍ഡിലെ പ്രചാരണത്തിന് മാത്രം ലക്ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു', ശങ്കരന്‍ പറഞ്ഞു. എല്‍ഡിഎഫിനായി സന്തോഷ് കുറിവേലിയും യുഡിഎഫിനായി സാബു പള്ളിവാതുക്കലുാണ് മത്സരിക്കുന്നത്.

Post a Comment