കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; രാത്രി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന


 കൊല്ലം : സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ കൊല്ലത്ത് പിടിയിൽ. സ്‌കൂട്ടറിൽ വില്പനയ്ക്കെത്തിച്ച 7.120 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി 32കാരനായ ഷാനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 7.120 ഗ്രാം എംഡിഎംഎ യുമായി ഇയാൾ പിടിയിലായത്. തനിച്ച് താമസിച്ചിരുന്ന ഇയാളുടെ വീട്ടിൽ സ്ത്രീകളും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും ഇടക്കിടക്ക് വന്ന് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്പനയുടെ രീതി പോലീസ് മനസിലാക്കിയത്. രാത്രി കാലങ്ങളിലാണ് സ്‌കൂട്ടറിൽ കറങ്ങി നടന്നാണ് വിൽപ്പന. ഇത് മനസിലാക്കിയ പോലീസ് 13ആം തീയതി രാത്രി 10:15 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. എഞ്ചിനിയറിംഗ് കോളേജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. എംഡിഎംഎ വിൽപ്പനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. 

Post a Comment

Previous Post Next Post